Sunday, May 13, 2012

ആദ്യത്തെയും അവസാനത്തെയും പ്രണയലേഖനം

ഞാന്‍ വീണ്ടും ബ്ലോഗെഴുതാന്‍ തീരുമാനിച്ചു. ഒരു കഥ മനസ്സില്‍ കിടന്നെന്നെ തെറിവിളിക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. കല്ല്യാണത്തിനുശേഷം അബദ്ധത്തില്‍ പോലും ഞാനെന്റെ ബ്ലോഗ്‌ സൈറ്റില്‍ കേറിയിട്ടില്ല. എന്നാല്‍ ആദ്യമായ് ഭാര്യയെ പിരിഞ്ഞു കൃത്യം 192 കിലോമീറ്റര്‍ അകലെ കോഴിക്കോട്ടുള്ള സഹോദരീ ഗൃഹത്തിലെത്തിയപ്പോള്‍, മനസ്സിലൊരു ഭൂതകാല സ്മരണ എവിടെനിന്നോ തിരയടിച്ചെത്തി. ഇതിനു കാരണം ഈയാത്രയാണ്. ഭാര്യയെ പിരിയലും പഴയ കാമുകിയെ കാണലും ഒരുമിച്ചയത്  യാദിര്‍ശ്ചികം  മാത്രം. എന്നാല്‍ നമുക്കെന്റെ പ്രണയകാലത്തോട്ടു പോകാം എന്താ..? 

ആദ്യത്തെയും അവസാനത്തെയും പ്രണയലേഖനം

ഞാന്‍ അന്ന് നാലില്‍ പഠിക്കുന്നു. സുഭദ്ര ടീച്ചറുടെ ലാളനയിലും ശാസനയിലും ഗജപോക്കരികളായ് വാണരുളുന്ന കാലം. എന്റെ അമ്മയും ആ സ്കൂളിലെ ടീച്ചര്‍ ആയതു കാരണം ആവിശ്യത്തില്‍ കൂടുതല്‍ ബഹുമാനം കുട്ടികള്‍ എനിക്ക് തന്നിരുന്നൂ, കൂടാതെ കൈകൂലിയും. കൈകൂലി എന്നുപറഞ്ഞാല്‍ നിങ്ങളുദേശിക്കുന്ന പോലത്തെ പണമോ പണ്ടമോ ഒന്നുമല്ല. മറിച്ചു പൂരപറമ്പില്‍ നിന്നുകിട്ടുന്ന കളിപ്പാട്ടങ്ങള്‍, മിഠായികള്‍, പലനിറത്തിലുള്ള ഗോലികള്‍, പിന്നെ സുന്ദരിമാരായ തരുണീമണികള്‍ എനിക്കുവേണ്ടി പ്രത്യേകം വറത്തുകൊണ്ടുവരുന്ന പുളിങ്കുരു, ചക്കകുരു, കപ്പലണ്ടി, കശുവണ്ടി എന്നുവേണ്ട എല്ലാവിധ സ്ഥാപര ജന്ഗമ വസ്തുക്കളും അതില്‍ പെടും.

ഈ കൈകൂലിക്കു പിന്നില്‍ പല ദുരുധേശ്യങ്ങളും ഉണ്ട്. പരീക്ഷകാലത്ത് അമ്മയെ ഉത്തരകടലാസ് നോക്കുന്നതില്‍ ഞങ്ങള്‍ സഹായിച്ചിരുന്നു. അമ്മയിട്ടുപോയ മാര്‍ക്കുകള്‍ കൂട്ടുന്നത്‌ ഞാനും ചേച്ചിയുമാണ്. അമ്മയെ സഹായിക്കാനല്ല മറിച്ചു, കൈകൂലിയില്‍ കണ്ണുംനട്ടാണ്. കൈകൂലിയുടെ കനംകൂടുന്നതനുസ്സരിച്ച്, മാര്‍ക്കില്‍ വെള്ളം ചേര്‍ക്കുന്നതില്‍ ഞാനൊട്ടും മടികാട്ടിയില്ല. ചേച്ചിയും ഇതിലൊട്ടും പിന്നിലല്ല. പാവം അമ്മ ഈ പരിശുദ്ധമായ വെള്ളം ചേര്‍ക്കലറിയാതെ ഞങ്ങളെ വിശ്വസിച്ചു പോന്നു.   

നേരത്തെ പറഞ്ഞ കൈകൂലിയില്‍ പെണ്‍കുട്ടികള്‍ കൊണ്ടുവന്നിരുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് പ്രത്യേക ടേസ്റ്റായിരുന്നു. അവരുടെ ലോലമായ കയ്യിലിരുന്നു വിയര്‍പ്പും ചെളിയും പിടിച്ചു അതൊരു പ്രത്യേക ഡിഷായിട്ടുണ്ടാവും. അഴിമാതിക്കാരന്‍ ഞാന്മാത്രമല്ല, ജാഫര്‍ മാഷിന്റെ മോന്‍ ഫിറോസും ഇതിലൊട്ടും പിന്നിലല്ല. ഞാന്‍ കിട്ടിയത് കൊണ്ട് സംതൃപ്തി അടയുമെങ്കില്‍, ലവന്‍ സാധനങ്ങള്‍ ചോദിച്ചു വാങ്ങുമായിരുന്നു.
 
അങ്ങനെയിരിക്കെ ഞങ്ങളുടെ കൂട്ടത്തിലേക്ക് ഒരു സുന്ദരി കടന്നു വന്നു. പേര് പ്രഭ. അവളുടെ അച്ഛന്‍(പോലീസ്) സ്ഥലമാറ്റം കിട്ടി ആ ഗ്രാമത്തില്‍ വന്നതാണ്‌. അവളെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എനിക്ക് കുറച്ചതികം. ഞാന്‍ കുറച്ചുനാള്‍ മനപൂര്‍വ്വം അവളോട്‌ ജാഡ കാണിച്ചു നടന്നു. മാത്രോമല്ല അവള്‍ക്കു നമ്മുടെ കൈകൂലി സമ്പ്രദായം അത്ര പിടിയില്ലെന്നു തോനുന്നൂ. ജാഡകളിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. അവളുടെ ഭംഗി കണ്ടിട്ട് പോയി മിണ്ടണമെന്നുണ്ടാരുന്നു, പക്ഷെ പോലിസച്ചന്റെ കൊമ്പന്‍ മീശ എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.

പ്രഭ എന്നോടുള്ളപോലെ ഫിറോസ്സിനോടും തുല്യദൂരം കല്പിച്ചിരുന്നു. ഞങ്ങള്‍ സഹനത്തിന്റെ നെല്ലിപ്പലക കണ്ടുതുടങ്ങീ. അവളുടെ അച്ഛനോടുള്ള പേടി പയ്യെ ഞങ്ങളെ അവളിലോട്ടടുപിച്ചു. അതൊരു പ്രണയമായ് പര്യവസാനിച്ചു(one way). ഇനി ആര് പ്രണയിക്കണം എന്നുമാത്രം തീരുമാനിച്ചാല്‍ മതി. അതിനുള്ളസൂത്രം ഫിറോസ് കണ്ടുപിടിച്ചു. അന്നാണ് ഞാന്‍ ആദ്യമായി പ്രണയലേഖനം എന്നസംഭവം കേട്ടത്. "വലിയ ചേട്ടന്മാര്‍ ചേച്ചിമാര്‍ക്കുകൊടുക്കുന്ന എന്തോ വല്യ സംഭവാത്രേ " അവനെന്നോട് പറഞ്ഞു". ''എന്നാ നമുക്കുമോരോന്നു അവള്‍ക്കു കൊടുക്കാം ആരുടെ പ്രണയ ലേഖനം അവള്‍ സ്വീകരിക്കുന്നുവോ ലവന്‍ ഭാഗ്യവാന്‍'' എന്നായി ഞാന്‍.

അങ്ങനെ ഹരീശ്രീ കുറിക്കേണ്ട പ്രായത്തില്‍ ഞങ്ങള്‍ പ്രണയ ലേഖനം എഴുതുവാന്‍ തീരുമാനിച്ചു. മാര്‍ക്കില്‍ വെള്ളം ചേര്‍ക്കുന്നപോലെ അത്ര എളുപ്പമല്ല കത്തെഴുത്ത്. മാത്രോമല്ല അക്ഷരങ്ങളൊന്നും അത്ര പിടിയില്ല. അന്നുരാത്രി എത്രകിടന്നുരുണ്ടിട്ടും ഉറക്കം വന്നില്ല. സാധാരണ ഹോം വര്‍ക്കുണ്ടെങ്കില്‍ ഇരുന്നുറക്കം തൂങ്ങുന്ന ഞാന്‍ പഠിച്ചപണി പതിനെട്ടുനോക്കിയിട്ടും ഒരു രക്ഷയുമില്ല. പ്രണയ ലേഖനം എന്താണെന്നോ എങ്ങനെയാണെന്നോ ഒരു പിടിയുമില്ല. പെട്ടന്ന് മനസ്സില്‍ ഒരുവാചകം മിന്നി മറഞ്ഞു. "പ്രണയിക്കാന്‍ സമയം കിട്ടിയില്ല ക്ഷമിക്കണം".

ഇതിന്റെ അര്‍ഥം എന്താണെന്ന് ഒരേകദേശരൂപം കിട്ടി. ഞാനാകെ കോരിത്തരിച്ചുപോയ്. എന്നെകൊണ്ട്‌ തോറ്റു. ഞാന്‍ നാളെ ഫിറോസ്സിനെ കടത്തി വെട്ടും തീര്‍ച്ച. ഞാനാ പ്രേമലേഖനം പത്തുപതിനഞ്ചു പ്രാവിശ്യം മനസ്സില്‍ ചൊല്ലുന്നതിനിടയില്‍ ഉറക്കത്തിലോട്ടു വഴുതിവീണു. പല സ്വപ്നങ്ങളും കണ്ടു, പക്ഷെ എല്ലാം അവ്യക്തം. ആരുംവിളിക്കാതെ നേരത്തെ എണീറ്റ എന്നെകണ്ട് അമ്മ അത്ഭുതപെട്ടു. എന്താ കണ്ണാ ഹോം വര്‍ക്ക് വല്ലതും ഉണ്ടോ? ഇത്ര നേരത്തെ എണീറ്റേ? ഇല്ല എന്ന അര്‍ത്ഥത്തില്‍ തോളും കണ്ണും കൊണ്ടു മറുപടി പറയുന്നതിനിടക്ക് പ്രണയലേഖനത്തിന്റെ ഓര്‍മ എന്നെ ഒരു പുലര്‍ക്കാല കള്ളത്തിലോട്ടു വലിച്ചിഴച്ചു.

"മലയാളത്തില്‍ ഇന്ന് കേട്ടെഴുത്തൊണ്ട്" എന്റെ മറുപടികേട്ട് അമ്മ അടുക്കളയിലോട്ട്‌ നടന്നു. അച്ഛന്‍ രാവിലെ തന്നെ പത്രവും ചായയും മാറിമാറി രുചിച്ചുകൊണ്ടിരുന്നു. ചേച്ചീം അനിയത്തീം ഇതുവരെ എണീറ്റിട്ടില്ല. ഞാന്‍ പുസ്തകവും പേനയുമെടുത്ത്‌ കുത്തിയിരിക്കാന്‍ തുടങ്ങീ. അച്ഛന്‍ ഇടയ്ക്ക്‌ പത്രത്തീന്നു തലപൊക്കി ചോദിച്ചു "എന്തെടുക്കുവാ അതിരാവിലെ". അമ്മയോട് പറഞ്ഞ കള്ളം ആവര്‍ത്തിക്കപെട്ടു. അച്ഛന്‍ പത്രപാരായണം തുടര്‍ന്നു.

പേനയും പേപ്പറുമായി  കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. നേരെചൊവ്വേ ആ വാക്യം എഴുതാന്‍ ഈഉള്ളവനെ കൊണ്ടു കഴിയുമെന്നു തോനുന്നില്ല. ഇതിനിടക്ക് ചേച്ചി എണീറ്റ്‌ പല്ലുംതേച്ച് പഠനം തുടങ്ങികഴിഞ്ഞു. അനിയത്തി ഇപ്പോഴും അട്ട കിടക്കുന്നപോലെ കിടന്നുറങ്ങുന്നുണ്ട്‌.

പെട്ടന്നൊരു ഐഡിയകിട്ടി. ഓരോ അക്ഷരവും ഓരോരുത്തരോടായി ചോദിക്കാം. അപ്പോള്‍ ആര്‍കും മൊത്തംവാക്യം പിടികിട്ടില്ല. നമുടെ അഭിഷേക്ബച്ചന്‍ പറയുന്ന പോലെ 'വാട്ട് ആന്‍ ഐഡിയ സെട്ജി'. ഞാന്‍ പണ്ടേ ഔട്ട്‌ സോര്‍ഴ്സ്സിന്റെ ആശാനാണ്. ഞാനാ പ്രണയലേഖനം മനസ്സില്‍ ഒരാവര്‍ത്തി വായിച്ചു. "പ്രണയിക്കാന്‍ സമയം കിട്ടിയില്ല ക്ഷമിക്കണം" വൈക്കം മുഹമ്മദുബഷീര്‍ പറഞ്ഞ പോലെ 'എത്ര മനോഹരമായ പ്രണയലേഖനം'. വീട്ടുകാര്‍ അറിഞ്ഞോണ്ടാണോ എനിക്കീ പേരിട്ടേ 'കള്ളകൃഷ്ണന്‍'?

ഞാന്‍ ആദ്യം ചേച്ചിയെ ശല്യം ചെയ്യാന്‍ തീരുമാനിച്ചു. "ചേച്ചി 'പ്രേ' എങ്ങനെയാ എഴുത്വാ?" ചേച്ചി എഴുതി 'pre'. "ഇംഗ്ലീഷില്‍ അല്ല ചേച്ചി". ചേച്ചി തിരുത്തി 'പ്രെ'. ഞാന്‍ അത് മനസ്സില്‍ നിന്നു മായുന്നതിനുമുന്‍പ്  ഓടിപോയി എഴുതിവെച്ചു. ഇപ്രാവിശ്യം അമ്മക്ക് പണി കൊടുക്കാന്‍ തീരുമാനിച്ചു. പമ്മി അടുക്കളയില്‍ ചെന്ന് പപ്പടംവറത്തത് മോഷ്ടിചോണ്ട് ചോദിച്ചു. "അമ്മെ 'മി' എങ്ങനെയാ എഴുതാ?" അമ്മ എന്റെ പഠിക്കാനുള്ള ജിജ്ഞാസ കണ്ടു സന്തോഷത്തോടെ കരിപിടിച്ചു കിടക്കുന്ന പാത്രത്തിന്റെ മോളില്‍ കുറിച്ച് തന്നു 'മീ'. 'മീ' മുറിഞ്ഞു പോകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധയോടെ ഓരോപടിയും കേറി മോളില്‍ സ്റ്റഡീറൂമിലെത്തി അക്ഷരം പകര്‍ത്തീ.

          അടുത്ത ഊഴം അച്ഛന്റേതാരുന്നൂ. "അഛാ 'ക്കാ' ഒന്നെഴുതി കാണിക്കാമോ?". രാവിലെ ശല്യപെടുത്തിയത് അച്ഛനുപിടിച്ചില്ല. പത്രതീന്നു തലപോക്കികൊണ്ട് ഒരു സേതുരാമയ്യര്‍ CBI മോഡല്‍ ചോദ്യം. "എന്തിനാടാ?" ഞാന്‍: 'ഒരു ഹോം വര്‍ക്ക്‌ തീര്‍ക്കാനുണ്ട്'. അച്ഛന്‍ വേഗം പത്രത്തീന്നു അക്ഷരം കാണിച്ചുതന്നു 'ക'. ഞാനത് മനസ്സിരുത്തി പഠിച്ചു റൂമിലോട്ടു വന്നു. അങ്ങനെ ആദ്യത്തെ മൂന്നക്ഷരം കിട്ടി. ഇനി ഇതാവര്‍ത്തിക്കണം. ഇന്നെന്തായാലും വേറെ പണി ഇല്ലാത്തത് ഭാഗ്യം.

അങ്ങനെ ഓരോ അക്ഷരങ്ങള്‍ മുത്തും പവിഴവും പിറക്കിയെടുക്കുന്ന ആവേശത്തോടെ പേപ്പറിലാക്കി. മൂന്നാമത്തെ പന്തിയില്‍ അച്ഛനെന്തോ സംശയം തോന്നിയപോലെ. ഇല്ല, വെറുതെ തോന്നിയതായിരിക്കും. അങ്ങനെകുറേ കഷ്ടപ്പെട്ട് അവസാനം പ്രണയലേഖനം പൂര്‍ത്തിയായ്. ഇനി എത്രയും വേഗം ഇതു പ്രഭക്കു  കൊടുക്കണം. ഞാന്‍ അഹങ്കാരത്തോടെ പ്രണയ ലേഖനം നോക്കി.  വോ സൂപ്പര്‍ ഇവളിന്നെന്റെ വലയില്‍ വീഴും. ഞാന്‍ ഒരു മൂളിപ്പാട്ട്പാടി കുളിക്കാന്‍പോയ്‌.

തിരിച്ചുവന്നപ്പോള്‍ എല്ലാരും എന്നെ നോക്കി ചിരിക്കുന്നു. അച്ചനും ചേച്ചിയും ചിരിയോ ചിരി. അമ്മയെന്നെ ദേഷ്യത്തോടെ നോക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. അച്ഛന്‍ എന്റെ പ്രണയലേഖനം ഒരിക്കല്‍ കൂടെ എല്ലാരേം വായിച്ചു കേള്‍പ്പിച്ചു 'പ്രെമീകന്‍ സമ്മയം കിടിയില ശമികണം' എന്നിട്ടു ചിരിക്കാന്‍ തുടങ്ങി. എന്റെ കുഞ്ഞുഹൃദയം വേദനിച്ചു കണ്ണുനിറഞ്ഞൂ. ചേച്ചി വന്നു സ്വാന്തനിപ്പിച്ചു കണീരോപ്പി.

 അമ്മയിപ്പോളും ദേഷ്യത്തിലാണ്. കാരണം ഇതെങ്ങാനും ഞാനാ കുട്ടിക്ക് കൊടുത്തിരുന്നെങ്കില്‍ അമ്മയുടെ ഇമേജ് കപ്പല്‍ കയറിയേന്നെ. സത്യത്തില്‍ എന്റെ പ്രണയം കണ്ടുപിടിച്ചത് അച്ഛന്റെ ഇന്‍വെസ്ററിഗേഷന്‍ ആണ്. എന്റെ അക്ഷരങ്ങള്‍ക്കുള്ള റോന്ത്ചുറ്റല്‍ അച്ഛനില്‍ സംശയം ജനിപ്പിച്ചിരുന്നു. കൂടാതെ പതിവില്ലാത്ത നേരത്തെ എണീക്കലും, പഠിക്കലും അച്ഛനെന്തോരാപത്ത് മണത്തു.

ഞാന്‍ കുളിക്കാന്‍ പോകുന്നതുവരെ അച്ഛന്‍ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്ന കാര്യം അപ്പോളാ ഞാന്‍ അറിഞ്ഞേ. പത്മവ്യൂഹത്തില്‍ കേറിയ അഭിമന്യുവിനെ പോലെ തിരിച്ചിറങ്ങാന്‍ കഴിയാതെ ഞാന്‍ നിന്നൂ.  അമ്മ കലിതുള്ളി പ്രണയ ലേഖനം കീറി അരിപ്പൊടി രൂപത്തിലാക്കീ. കൂടാതെ രണ്ടു കിഴുക്കുവെച്ചുതന്നു. അച്ഛന്‍ ഒരേസമയം എന്നെ സ്വാന്തനപെടുത്വേം, അമ്മേനെ സമധാനിപ്പിക്ക്യേം ചെയ്തു. അമ്മ തല്ലിയതിലല്ല പ്രണയം നാംബിലെ നുള്ളിയതിലാണെനിക്കു വിഷമം വന്നത്. എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഞാന്‍ സ്കൂളില്‍ പോകാന്‍ റെഡിയായി.

സ്കൂളില്‍ ഫിറോസ് രസികന്‍ പ്രണയലേഖനം ഏട്ടന്മാരെകൊണ്ട് എഴുതികൊണ്ടുവന്നിട്ടുണ്ട്. എനിക്കത് കീറി കളയണമെന്നുണ്ടായിരുന്നു. പക്ഷെ അവന്‍ നല്ല തടിമാടനായകാരണം ഞാന്‍ എന്റെ വിധിയെ പഴിച്ചു കഴിഞ്ഞു. ഫിറോസ് അത് പ്രഭക്കു കൊടുക്കാനായി പോയി. ഞാന്‍ 'ചിറകൊടിഞ്ഞ കിനാവിലെ' തയ്യല്‍ക്കാരനെ (അഴകിയരാവണനിലെ ശ്രീനിവാസന്റെ കഥയിലെ നായകന്‍ ) പോലെ 'അവിടെ താലികെട്ടു, ഇവിടെ പാലുകാച്ച്'  മോഡലില്‍ പുസ്തകതാളുകള്‍ മറിച്ചു കൊണ്ടിരുന്നു. ഒരു പൊട്ടലും ചീറ്റലും കേട്ടാണ് ഞാന്‍ തലപൊക്കി നോക്കിയത്. ദേണ്ടെ 'വീണിതല്ലോ കിടക്കുന്നു ധരണിയില്‍' ഫിറോസ് തുടയും തടവി കണ്ണീരും നനചോണ്ട് വരുന്നു.

കാര്യം തിരക്കിയപ്പോള്‍ കണ്ണീരും കുടിച്ചോണ്ട് അവന്‍ പറഞ്ഞു. " അവളതെന്റെ ഉപ്പാക്ക് കൊണ്ടുകൊടുത്തു. ഉപ്പ എന്നെ അവളുടെ മുന്നിലിട്ട് തല്ലീ... ങ്ങീ.. ങ്ങീ..". എനിക്കപോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അമ്മയോടുള്ള ദേഷ്യം അപ്പോള്‍ എവിടെയോ പോയൊളിച്ചു. ഞാനവനെ സമാധാനിപ്പിക്കുമ്പോള്‍ മനസ്സില്‍ ഇങ്ങനെ വിചാരിച്ചു. 'ഞാന്‍ എത്ര ഭാഗ്യവാന്‍ പ്രണയിനിയുടെ മുന്നില്‍ വെച്ചടി കൊണ്ടില്ലല്ലോ...' ഞാന്‍ ചിരിച്ചു.

 'എന്താടാ വെറുതെയിരുന്നു ചിരിക്കുന്നേ' ബസ്സില്‍ തൊട്ടടുത്തിരിക്കുന്ന അച്ഛന്‍. ഞങ്ങള്‍ കോഴികോട്ടുള്ള പെങ്ങളുടെ വീട്ടിലോട്ടു പോവുകയായിരുന്നൂ.

പഴയ സ്കൂളിന്റെ മുറ്റത്തൂടെയായിരുന്നു ബസ്സു പോയിരുന്നത്.
ഞാന്‍ ചോദിച്ചു: 'അച്ഛാ ഒരു പ്രഭേനെ ഓര്‍മയുണ്ടോ, എന്റെ ക്ലാസ്സ്മേറ്റ് ?' 
അച്ഛന്‍: "ഏത് നമ്മുടെ 'ക്ഷമിക്കണം പ്രേമിക്കാന്‍ സമയം....' അതോ?"
ഞാന്‍ അതെ എന്നമട്ടില്‍ തലകുലുക്കി.
അച്ഛന്‍: എന്താടാ ഇപ്പൊ?
ഞാന്‍: ആ ബസ്ടോപ്പിലോട്ടു നോക്കിയേ...
അച്ഛന്‍: 'അവള്‍ കല്യാണം കഴിഞ്ഞോ കുട്ടികളയോ?'
ഞാന്‍: 'അതെ'.

പ്രഭ അഞ്ജാത കാമുകനെ കണ്ടില്ലെന്നു തോന്നുന്നു. വികൃതികളായ പിള്ളേരെ അടക്കിനിര്‍ത്തുന്നതില്‍ വ്യാപ്രിതയായിരുന്നു. ഞാന്‍ പ്രഭയ്ക്കും ഭര്‍ത്താവിനും പിള്ളേര്‍ക്കും മനസ്സില്‍ ഭാവുകങ്ങള്‍ നേരുന്നതിനിടയില്‍ വണ്ടി പതുക്കെ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി കുതിക്കാന്‍ തുടങ്ങീ.                   .   

-ശുഭം.

1 comment:

  1. നന്നായിട്ടുണ്ട് ....നല്ല എഴുത്ത് ...❤

    ReplyDelete